അറിവിൻ്റെ ഇസ്‌ലാമീകരണം സാധ്യമാക്കാന്‍ CIC കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി (ആണ്‍കുട്ടികൾക്ക്), വഫിയ്യ (പെണ്‍കുട്ടികൾക്ക്).
വാഫി: മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നൽകുന്നു.
വഫിയ്യ: മത വിഷയത്തില്‍ ബിരുദവും ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയൻസിന്റെ അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നൽകുകയെന്നതാണ് വഫിയ്യ കോഴ്സ്. തുടർപഠനം ആഗ്രഹിക്കുന്നവർക്ക് 2 വർഷത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്.
വാഫി: പ്രിപ്പറേറ്ററി (തംഹീദിയ്യ) - 2 വർഷം, ഡിഗ്രി (ആലിയ) - 4 വർഷം, പി.ജി. (മുത്വവ്വല്‍) - 2 വർഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 8 വർഷമാണ് വാഫി കോഴ്സ് കാലാവധി.
വഫിയ്യ: പ്രിപ്പറേറ്ററി (തംഹീദിയ്യ) - 2 വർഷം, ഡിഗ്രി (ആലിയ) - 3 വർഷം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 5 വർഷമാണ് വഫിയ്യ കോഴ്സ് കാലാവധി. തുടർപഠനം ആഗ്രഹിക്കുന്നവർക്കായി 2 വർഷത്തെ പി.ജി. പഠനത്തിനും അവസരമുണ്ട്.
അതെ, വഫിയ്യ പി.ജി. പ്രയോഗത്തിലുണ്ട്. ഇസ്ലാമിക് & അറബിക്ക് സ്റ്റഡീസില്‍ 2 വർഷമാണ് വഫിയ്യ പി.ജി. നിലവില്‍ വളാഞ്ചേരി മർക്കസിലെ അല്‍ ഗൈസ് ഇസ്ലാമിക്ക് & ആർട്സ് കോളേജില്‍ 3 വർമായി പി.ജി. പഠനം നടന്ന് വരുന്നു.
ഉന്നത മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോളേജുകളുടെ അക്കാദമിക് പ്രവർത്തനങ്ങള്‍ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി 2000 മുതല്‍ വളാഞ്ചേരി മർക്കസുത്തർബിയ്യത്തില്‍ ഇസ്ലാമിയ്യ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന അക്കാദമിക് ബോഡിയാണ് കോർഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (CIC).
55 വാഫി കോളേജുകളും , 35 വഫിയ്യാ കോളേജുകളും CIC യോട് അഫ്ലിയേറ്റ് ചെയ്തിട്ടുണ്ട്.
സി.ഐ.സി. അക്കാദമിക് സഹകരണ ധാരണകള്‍ ഒപ്പുവെച്ച സ്ഥാപനങ്ങൾ:
കൂടാതെ സി.ഐ.സി. യുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വിവിധ അന്താരാഷ്ട്ര ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്:
വാഫി, വഫിയ്യ കോഴ്സുകള്‍ പൂർത്തീകരിക്കുന്നതിന് ഭൗതിക പഠനം നിർബന്ധമാണ്. UGC അംഗീകരിക്കുന്ന യൂണിവേഴ്സിറ്റി ബിരുദം നേടാത്തവർക്ക് വാഫി, വഫിയ്യ ബിരുദങ്ങള്‍ നൽകുന്നതല്ല.
വാഫി, വഫിയ്യ പി.ജി കാലയളവായ അവസാന രണ്ട് വർഷത്തില്‍ വിദ്യാർത്ഥികൾക്ക് സ്വന്തം നിലയില്‍ പി.ജി. പഠനത്തിന് അവസരമുണ്ട്. അതേസമയം മത വിഷയത്തില്‍ ഊന്നല്‍ നൽകി പഠിക്കാനാണ് കോഴ്സ് നിർദ്ദേശിക്കുന്നത്.
അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സി.ഐ.സി. ബദ്ധശ്രദ്ധമാണ്. അവയെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങൾക്ക് ഗ്രേഡും സ്റ്റാറും നല്കി വരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ:
ലൈബ്രറി: അറബി, ഇംഗ്ലീഷ്, മലയാളം, ഉർദു ഭാഷകളിലായി ധാരാളം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും ബാല സാഹിത്യങ്ങളും സിലബസുമായി ബന്ധപ്പെട്ട അധികവായനക്കാവശ്യമായ കിതാബുകളും വ്യാഖ്യാനഗ്രന്ഥങ്ങളും ഉപകരണങ്ങളും മറ്റുമുൾകൊള്ളുന്ന വിശാലമായ ലൈബ്രറികൾ (പ്രിപ്പറേറ്ററി, ഡിഗ്രി, പി.ജി ഘട്ടങ്ങളിലുണ്ടായിരിക്കേണ്ട ഗ്രന്ഥങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്).
റീഡിംഗ് റൂം: മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു പത്ര മാസികകളും പ്രസിദ്ധീകരണങ്ങളും മറ്റു ആധുനിക പഠനസൗകര്യങ്ങളും ഉൾകൊള്ളുന്ന റീഡിംഗ് റൂമുകൾ.
ഓഡിറ്റോറിയം: പൊതു പരിപാടികൾ, ജനറൽ ക്ലാസുകൾ, സംവാദങ്ങൾ, പരിശീലനക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ.
ലാബ്: ഐ.ടി പഠനത്തിന് സ്വന്തമായി ലാബുകൾ, ഇന്റർനെറ്റ് കണക്ഷൻ, മറ്റു ആധുനിക ഉപകരണങ്ങൾ, സൗകര്യങ്ങൾ.
പ്ലേഗ്രൗണ്ട്: വിദ്യാർത്ഥികൾക്ക് ആവശ്യമായ കായിക വിനോദങ്ങളിലേർപ്പെടാനുള്ള സൗകര്യങ്ങൾ.
താമസം: മെച്ചപ്പെട്ട താമസസൗകര്യങ്ങൾ, സാനിറ്ററി സൗകര്യങ്ങൾ (ഇവയുടെ നിലവാരവും അളവും എണ്ണവും നിശ്ചയിച്ചിട്ടുണ്ട്), സമീകൃതാഹാരം.
വാഫി പി.ജി തലത്തിൽ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റ(CBCSS)മാണ് പിന്തുടരുന്നത്. ഇതനുസരിച്ച് ഒരു ഫാക്കൽറ്റി തെരെഞ്ഞെടുത്ത വിദ്യാർത്ഥിക്ക് ഇതര ഫാക്കൽറ്റികളിൽ നിന്ന് താൽപര്യമനുസരിച്ച് ക്രെഡിറ്റുകൾ സ്വീകരിക്കാവുന്നതാണ്. ഒരു വിഷയത്തിന് ആഴ്ചയിൽ ചെലവഴിക്കപ്പെടുന്ന അദ്ധ്യാപന അധ്യയന പ്രവർത്തനങ്ങളാണ് ഒരു ക്രെഡിറ്റ്. ഈ രീതിപ്രകാരം വിദ്യാർത്ഥികൾക്ക് അഭിരുചിയനുസരിച്ച് വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
പി.ജി തലത്തില്‍ ഉസൂലുദ്ദീന്‍, ശരീഅ, ലാൻഗ്വേജ് ആൻ്റ് കൾച്ചര്‍ തുടങ്ങി മൂന്ന് ഫാക്കൽറ്റികളിലായി 8 ഡിപ്പാർട്ട്മെൻ്റുകളുണ്ട്. തഫ്സീർ, ഹദീസ്, അഖീദ, ഇസ്ലാമിക് ആന്റ് അറബിക് സ്റ്റഡീസ് (വഫിയ്യ), കുടുംബ കർമ്മശാസ്ത്രം, വിനിമയ കർമ്മശാസ്ത്രം, അറബീ ഭാഷാ സാഹിത്യം, ചരിത്രം എന്നിവയാണ് 8 ഡിപ്പാർട്ട്മെൻ്റുകള്‍.
നിർബന്ധമാണ്, ഓരോ പിജി വിദ്യാർത്ഥിയും തെരെഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിന് അനുസൃതമായ വിഷയത്തില്‍ 100 പേജില്‍ കുറയാത്ത ഒരു ഗവേഷണ പ്രബന്ധം സമർപ്പിക്കണം. വൈവ ഉൾപ്പെടെയുള്ള പരീക്ഷകള്‍ പാസായാൽ മാത്രമേ പി.ജി. പഠനം പൂർത്തിയാവൂ.
വാഫി, വഫിയ്യ കോഴ്സുകള്‍ പൂർത്തിയാക്കുന്നതിന് മുമ്പ് DCA നിലവാരത്തിലുള്ള കമ്പ്യൂട്ടര്‍ പഠനം നിർബന്ധമാണ്. കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബ് നിർബന്ധമാണ്.
ആറ് പ്രവൃത്തി ദിനങ്ങളുള്ള 70 ആഴ്ചകള്‍ അഥവാ 120 പ്രവൃത്തി ദിവസങ്ങളെയാണ് ഒരു സെമസ്റ്റര്‍ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്, ഓരോ സെമസ്റ്റര്‍ അവസാനങ്ങളിലും പരീക്ഷകള്‍ നടന്നിരിക്കും.
മത പഠനത്തിനാണ് ഈ കോഴ്സ് ഊന്നല്‍ നൽകുന്നത്. ഒരു ദിവസത്തെ 8 പിരീഡില്‍ 5 ഉം മത വിഷയത്തിന് തന്നെയാണ് മാറ്റി വെച്ചിരിക്കുന്നത്.
നിർബന്ധമുണ്ട്, സാമൂഹിക സേവനത്തെ സി.ഐ.സി. പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമായി പരിഗണിക്കുന്നു. ഡിഗ്രി തലത്തില്‍ ഓരോ വിദ്യാർത്ഥിയും 192 മണിക്കൂറും വിദ്യാർത്ഥിനി 100 മണിക്കൂറും സാമൂഹിക സേവനം (CSS) നിർബന്ധമായും നിർവഹിക്കേണ്ടതുണ്ട്. മഹല്ലുകളില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ തയ്യാറാക്കല്‍, വിവിധ സർക്കാർ-സർക്കാറേതര ആനുകൂല്യങ്ങളും സൗകര്യങ്ങളും അർഹരായവർക്ക് ലഭ്യമാക്കൽ, സാമൂഹിക-വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കല്‍, രോഗികൾക്കും കഷ്ടതയനുഭവിക്കുന്നവർക്കും തുണയേകല്‍, ഇസ്ലാമിക പ്രബോധനം, ആരോഗ്യബോധവൽക്കരണ ക്ലാസ്സുകള്‍, ക്യാമ്പുകള്‍, മതപഠന ക്ലാസ്സുകള്‍, പരിസ്ഥിതി സംരക്ഷണം, ദുശ്ശീലങ്ങൾക്കും സ്വഭാവവൈകൃതങ്ങൾക്കും അടിമപ്പെട്ടവരെ മോചിപ്പിക്കല്‍, സമൂഹങ്ങളുടെ ആരോഗ്യകരമായ സഹവർത്തിത്വത്തിനും മൈത്രിക്കും വേണ്ടി പ്രവർത്തിക്കല്‍ തുടങ്ങിയ വിശാലമായ മേഖലകള്‍ ഇതിന്റെ പരിധിയില്‍ വരുന്നു.
അതെ, കേന്ദ്ര സർക്കാറിൻ്റെ NCPUL അംഗീകാരത്തോട് കൂടിയ ദ്വിവർഷ ഫങ്ഷണല്‍ അറബിക് കോഴ്സും ഒരുവർഷ ഫങ്ഷണല്‍ ഉറുദു കോഴ്സും നേടാന്‍ സൗകര്യമുണ്ട്.
വൈവിധ്യമാർന്ന ധൈഷണിക സെഷനുകള്‍, സാംസ്കാരിക പരിപാടികള്‍, പ്രത്യേകം ക്ഷണിക്കപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണരുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും പ്രഭാഷണങ്ങള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, വിവിധ വാഫീ കോളേജുകളിലെ വിദ്യാർത്ഥികളുടെ ഏകീഭാവം ലക്ഷ്യമാക്കിയുള്ള സഹവാസ ക്യാമ്പുകള്‍, നവാഗത സംഗമങ്ങള്‍ തുടങ്ങിയവ നടത്തപ്പെടുന്നു.
സമാജം, ഡിബേറ്റ്, സെമിനാര്‍, ടേബിള്‍ ടോക്ക് തുടങ്ങിയവയിലൂടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകപ്പെടുന്നു. കൈയ്യെഴുത്ത്-പ്രിന്റഡ് മാഗസിനുകള്‍, ചുമർപത്രങ്ങള്‍, പുസ്തകങ്ങള്‍, സുവനീറുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെടുന്നു.
വാഫി, വഫിയ്യ കോളേജുകളുടെ വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാ പ്രേമികളുടേയും വാർഷിക മഹാ സംഗമമാണ് വാഫി, വഫിയ്യ കലോത്സവം. അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളില്‍ ഇരുനൂറോളം ഇനങ്ങളില്‍ നാലായിരത്തോളം വിദ്യാർത്ഥിനീ വിദ്യാർത്ഥികള്‍ വെവ്വേറെ മാറ്റുരക്കുന്ന കലാ മത്സരങ്ങള്‍, ക്യൂ ഫോര്‍ ടുമാറോ, ഫിഖ്ഹ് സെമിനാര്‍, കൾച്ചറല്‍ ഡയലോഗ്, അർഹാം അസംബ്ലി, ഓർബിറ്റ് മീറ്റ് തുടങ്ങിയവ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്നു.
എല്ലാ വർഷവും കോളേജ് തലത്തിലും, 2 വർഷത്തില്‍ സംസ്ഥാന തലത്തിലും കായികമേളകള്‍ നടക്കുന്നു.
WSF
സി.ഐ.സി. അംഗ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സംസ്ഥാന തല കൂട്ടായ്മയാണ് WSF. സാംസ്കാരിക കലാ കായിക രംഗങ്ങളില്‍ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങള്‍ കാഴ്ച വെക്കാന്‍ WSF ന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏകീകരിക്കുകയും പരിപോഷിപ്പിക്കുകയുമാണ് WSF ന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ സംസ്ഥാനതല കലാ കായികമേളകളും മത്സരങ്ങളും അന്തർദേശീയ സെമിനാറുകളും മറ്റും സംഘടനക്കു കീഴില്‍ നടക്കുന്നു.
വഫിയ്യ WSF
വഫിയ്യ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കൂട്ടായ്മയായ WSF ശ്രദ്ധേയമായ പ്രവർത്തനങ്ങള്‍ നടത്തുന്നു. വഫിയ്യ കലോത്സവം പൂർണ്ണമായും പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നത് WSF (വഫിയ്യ) ആണ്. ഈ കഴിഞ്ഞ ഫെസ്റ്റിനോടനുബന്ധിച്ച് അവര്‍ സ്വന്തമായി നടത്തിയ വനിതാ സമ്മേളനം ശ്രദ്ധേയമായിരുന്നു.
വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സ്വദേശങ്ങളെ ജില്ല, താലൂക്ക്, പഞ്ചായത്ത് എന്നിങ്ങനെ ഓർബിറ്റുകളാക്കിത്തിരിച്ചിരിക്കുന്നു. ഓർബിറ്റ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികള്‍ വിദ്യാഭ്യാസ പാരിസ്ഥിതിക കാരുണ്യ പ്രവർത്തനങ്ങള്‍ നടത്തുന്നു.
പെൺകുട്ടികളുടെ ഓർബിറ്റും പ്രവർത്തിക്കുന്നുണ്ട്. വിവിധ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന നാട്ടുകാരായ സഹപാഠികളെ തിരിച്ചറിയാനും വിശാലമായ വാഫി കുടുംബം എന്ന ഫീലിംഗ് നേടാനും ഓർബിറ്റുകള്‍ സഹായിക്കുന്നു.
വാഫി സ്ഥാപനങ്ങളിലെ മുതിർന്ന ഉസ്താദുമാരുടെ ഈ കൂട്ടായ്മ കാലിക പ്രസക്തമായ കർമ്മശാസ്ത്ര വൈജ്ഞാനിക ചിന്താ വിഷയങ്ങളില്‍ പൊതു താൽപര്യങ്ങളും ഇസ്ലാമിൻ്റെ പ്രായോഗികതയും മുൻനിർത്തി ചർച്ചകളും സംവാദങ്ങളും നടത്തി വരുന്നു. ഈ ചർച്ചകളില്‍ മുതിർന്ന വിദ്യാർത്ഥികള്‍ക്ക് പങ്കെടുക്കാനവസരമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാറുകളും മറ്റും അവർക്ക് പ്രയോജനകരമായിത്തീരുന്നു.
വാഫി, വഫിയ്യ കോളേജുകളുടെ ഭരണാധികാരികള്‍, അവരുടെ കുടുംബങ്ങള്‍, എട്ടായിരത്തോളം വിദ്യാർത്ഥി - വിദ്യാർത്ഥിനികള്‍, അവരുടെ രക്ഷിതാക്കള്‍, കുടുംബങ്ങള്‍, ആയിരത്തോളം അധ്യാപക-അനധ്യാപക ജീവനക്കാർ, അവരുടെ കുടുംബങ്ങള്‍, പൂർവ്വ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ, അവരുടെ കുടുംബങ്ങള്‍, സർവ്വോപരി വാഫി വളരുന്നത് കണ്ട് കണ്ണ് കുളിർക്കുന്നവര്‍ എല്ലാവരും അടങ്ങുന്ന വിശാലമായ വാഫി കുടുംബത്തിന്റെ സംഗമമാണ് അർഹാം അസ്സംബ്ലി. നിലവില്‍ മുപ്പതിനായിരത്തോളം അംഗങ്ങളുണ്ട് അർഹാം അസംബ്ലിയില്‍.
നിലവിലുണ്ട്, മാനേജ്മെന്റ്, പാരന്റ്സ് ആൻ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സി.ഐ.സി. യുടെ പ്രധാന ഭാഗമാണ്. അഫ്‌ലിയേറ്റഡ് സ്ഥാപനതല MPTA കളുടെ ഔദ്യോഗിക ഭാരവാഹികളില്‍ നിന്ന് ഈരണ്ട് പേര്‍ അടങ്ങുന്നതാണ് സി.ഐ.സി. തല MPTA.
കോഴ്സ് പൂർത്തിയാക്കിയ വാഫികൾ അൽ-അസ്ഹർ, കൈറോ, ജെ.എൻ.യു, അലീഗഡ്, ജാമിഅഃ മില്ലിയ്യഃ തുടങ്ങിയ മതഭൗതിക രംഗങ്ങളിലെ വിശ്വോത്തര യൂണിവേഴ്സിറ്റികളിൽ ഉപരി പഠന-ഗവേഷണങ്ങൾക്ക് അവസരം നേടുകയുണ്ടായി. പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്യാപന-പ്രബോധന-മാധ്യമ-ബിസിനസ് മേഖലകളിൽ സേവനമനുഷ്ടിക്കുകയും ചെയ്യുന്നു. അക്കാദമിക് ചിന്താ സാഹിത്യ രംഗങ്ങളിൽ ലോക ശ്രദ്ധ നേടിയ രചനകൾ കാഴ്ചവെക്കാനായവരും കൂട്ടത്തിലുണ്ട്.
വാഫി പഠനം പൂർത്തിയാക്കിയവരുടെ സംസ്ഥാനതല അലുംനി അസോസിഷേൻ നിലവിൽ ഉണ്ട്. വിദ്യാഭ്യാസ സാമൂഹിക രംഗത്ത് കാതലായ മാറ്റങ്ങൾ അവതരിപ്പിക്കാനും സി.ഐ.സി. ആവിഷ്കരിക്കുന്ന നൂതന പദ്ധതികൾക്ക് പിന്തുണ നൽകാനും ഈ അസോസിയേഷന് സാധിക്കും. പഞ്ചായത്ത്, മണ്ഡലം ,ജില്ലാ കമ്മിറ്റികളും നിലവിലുണ്ട്.