Media Desk


Media Desk (News)


ചേലക്കാട് മുഹമ്മദ് മുസ്ലിയാർ വാഫി കാമ്പസ് ഡീൻ

കോഴിക്കോട്: വടകര തിരുവള്ളൂർ കാഞ്ഞിരാട്ടുതറയിൽ ആരംഭിക്കുന്ന മാലിക് ദീനാർ ഖുർആൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വാഫി കാമ്പസിന്റെ ഡീനായി പ്രമുഖ പണ്ഡിതനും സമസ്ത ട്രഷററുമായ ശൈഖുനാ ചേലക്കാട് മഹമ്മദ് മുസ്ല്യാരെ നിയമിച്ചു. യുവ പണ്ഡിതൻ ഡോ. ലുഖ്മാൻ വാഫി അസ്ഹരിയാണ് ഡീൻ ഇൻ ചാർജ്ജ്. ഓൺലൈനായി ചേർന്ന സി.ഐ.സി നിയമന സമതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

2013 കാഞ്ഞിരാട്ടുതറ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങിയ മാലിക് ദീനാർ ഖുർആൻ ലേർണിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് സി.ഐ.സി യുമായി അക്കാദമിക സഹകരണ ധാരണയിലെത്തുകയായിരുന്നു. നിലവിൽ സി.ഐ.സി നേരിട്ട് നടത്തുന്ന മൂന്നാമത്തെ വാഫി കാമ്പസാണിത്.
ഖുർആൻ പഠനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വാഫി യുടെ ഖുർആൻ ആന്റ് സുന്ന: ഡിപ്പാർട്ട്മെന്റിന് പുറമെ അഖീദ, അറബി ഭാഷാ & സാഹിത്യം എന്നീ പി.ജി പഠന വകുപ്പുകളും ഈ വർഷം ആരംഭിക്കുന്നുണ്ട്. ജൂലായ് ഏഴിന് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ ഓൺലൈനായി പഠനാരംഭം നിർവ്വഹിക്കും. പുതിയ കാമ്പസ് വരുന്നതോടെ തിരുവള്ളൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിൽ എക്സിക്യൂട്ടീവ് അംഗത്വമുള്ള സി.ഐ.സി യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 90 കോളേജുകളാണ് കേരളത്തിലും കർണ്ണാടകയിലുമായി പ്രവർത്തിക്കുന്നത്. പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജൂൺ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7025687788, 9497313222, 9349677788 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

#WAFY_UPDATES [159]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com